2012, ജനുവരി 22, ഞായറാഴ്‌ച

ഈ പച്ചപ്പാവം ഇല്ലായിരുന്നെങ്കില്‍!


ഹരിത രാഷ്ട്രീയം മത നിരപേക്ഷമാണ്.ബഹുസ്വരമാണ്. ബഹുസ്വരം എന്നാല്‍ ഒരേ വിഷയത്തില്‍ രണ്ട് നേതാക്കള്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങള്‍ എന്നല്ല ഉദേശിച്ചത്.നാട്ടിന്റെ ബഹുസ്വരതക്ക് വേണ്ടി പാര്‍ടി നിലകൊള്ളുന്നു എന്നാണ്. മതനിരപേക്ഷതക്ക് വേണ്ടി എന്തിനും ഏതിനും തയ്യാറായ ഒരു പ്രസ്ഥാനം വേറെ ഏതാണ് കൊച്ചു കേരളത്തില്‍?നമ്മുടെ നാട്ടിലെ മത സൌഹാര്‍ദ്ദത്തെ സംരക്ഷിച്ചു പോരുന്നത്  വേറെ ആരാണ്? രക്തം കൊടുത്തും ജീവന്‍ കൊടുത്തും സമാധാനത്തെ നിലനിര്‍ത്തുന്ന സംഘബലം. ഈയടുത്ത് നാദാപുരത്ത് അഞ്ചു  ജീവനാണ് സമാധാനത്തിനു വേണ്ടി ബലി കഴിച്ചത്. ചരിത്രത്തിന്റെ ഇടനാഴികളില്‍ അങ്ങിനെ എന്തൊക്കെ ഉജ്വല ത്യാഗങ്ങള്‍.ധീര  ബലിദാനങ്ങള്‍.സമാധാനത്തിന്റെ ഈ അര്‍ദ്ധ നക്ഷത്രാങ്കിത ഹരിതക്കൊടി ഇന്ന്  നാട്ടിലെങ്ങും പറന്നുയരുന്നുണ്ട്.  വിമാനത്താവളങ്ങളുടെ ടെര്‍മിനലുകളില്‍ വരെ. 

പക്ഷെ ഇതൊന്നും സമുദായത്തിലെ ചില കശ്മലന്മാര്‍ക്ക് മനസിലാകില്ല.സമാധാനത്തിന്റെ ശത്രുക്കള്‍.ഹരിത രാഷ്ട്രീയത്തിന്റെ മഹത്വം മനസിലാകണമെങ്കില്‍ ഇവര്‍ക്ക് മറ്റു സംസ്ഥാനങ്ങളിലേക്ക് നോക്കിയാല്‍ പോരെ?ഈ സമുദായ സംരക്ഷണ സംഘം ഇല്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു കേരളത്തിലെ അവസ്ഥ?ഹരിത രാഷ്ട്രീയത്തിന്റെ ഈ സുവര്‍ണ കാലത്ത് നൂറോ ഇരുന്നൂറോ ഇമെയില്‍ ചോര്‍ത്തി എന്ന് പറഞ്ഞു ബഹളം വെക്കുകയാണിക്കൂട്ടരിപ്പോള്‍.  

ഭരണമുള്ളപ്പോള്‍ ഇവിടെ  വേട്ട ഉണ്ടാകില്ല എന്നാര്‍ക്കാണറിയാത്തത് . എന്നിട്ടും വെറുതെ കലപില കൂട്ടുകയാണ്. അല്ലെങ്കിലും ഇവര്‍ക്കെന്തിന്റെ കുറവാണ്. സമുദായം ഇന്ന് എവിടെയൊക്കെ എത്തി. ഏതൊക്കെ ഉയരങ്ങളില്‍.ഉത്തുംഗ സോപാനങ്ങളില്‍.അതും നമ്മുടെ യുവ നേതാവിന്റെ ഭാഷയില്‍ ലോകത്തിനു തന്നെ മാതൃകയായ,അറബ് വസന്തങ്ങള്‍ക്കു വരെ പ്രചോദനമായ രചനാത്മകമായ പതിറ്റാണ്ടുകളുടെ സര്‍ഗ രാഷ്ട്രീയത്തിന്റെ അഞ്ചാം മന്ത്രിപ്പുലരിയില്‍.കൊടി വെച്ച കാറുകളില്‍ നേതാക്കള്‍ ഉള്ള കാലത്തോളം സമുദായം പേടിക്കേണ്ട കാര്യമുണ്ടോ?നാല് മന്ത്രി സ്ഥാനം ഇപ്പോള്‍ തന്നെ പാര്‍ടിക്കില്ലേ?കാത്തിരിപ്പ്‌ മന്ത്രി വേറെയുമുണ്ട്.പിന്നെ കുറച്ചു ഇമെയില്‍ ചോര്‍ത്തുന്നതാണിപ്പോള്‍  വലിയ ആനക്കാര്യം.അസൂയക്കാരുടെ വേലയാണെല്ലാം. കൊടി വെച്ച കാറില്‍ പാറിപ്പോകുന്നത് കാണുമ്പോഴുള്ള ദുര. 

ഇനി ചോര്‍ത്തിയാല്‍ തന്നെ എന്തിനാണിത്ര വേവലാതി? തെറ്റ് ചെയ്യാത്തവന്‍ ബേജാറാകേണ്ട കാര്യമുണ്ടോ?ആത്മീയ നേതൃത്വം അടിവരയിട്ടു പറഞ്ഞില്ലേ ഒന്നും ഭയക്കാനില്ലെന്ന്.പിന്നെ ആ കര്‍ണാടക ജയിലില്‍ കഴിയുന്നവനെപ്പോലുള്ള കശ്മലന്മാരേ  പേടിക്കേണ്ടതുള്ളൂ.നിയമം നിയമത്തിന്റെ വഴിക്ക് പോകും. ഭരണം ഭരണത്തിന്റെ വഴിക്കും. എന്തായാലും  നമ്മള്‍  ഉള്ള കാലത്തോളം ഒരു അപരാധിയെയും ശിക്ഷിക്കില്ല. ഒരു  നിരപരാധിയെയും വെറുതെ വിടാനും പോകുന്നില്ല. 

ഇവരൊക്കെ എത്ര എഴുതിപ്പിടിപ്പിച്ചിട്ടും കാര്യമില്ല.സംഘ ചേതനയുടെ ശൈത്യശക്തിക്ക് ഒരു പോറല്‍ പോലുമേല്‍ക്കില്ല.ഹരിതരാഷ്ട്രീയത്തിന്റെ നിര്‍വീര്യതക്ക് ഒരു വിള്ളലുമേല്‍പ്പിക്കാന്‍ ഇവര്‍ക്ക് കഴിയില്ല.ഒരു മാതിരി ഭൂകമ്പങ്ങള്‍ക്കൊന്നും കുഞ്ഞാപ്പയെ കുലുക്കാന്‍ കഴിയില്ല. പിന്നെ നമുക്ക് ശേഷം പ്രളയം എന്ന് പറഞ്ഞ പോലെ നമ്മളൊഴിച്ചുള്ളവരെല്ലാം തീവ്രവാദികള്‍ എന്ന് നമ്മളങ്ങ് സ്ഥാപിക്കും.മറുവാക്ക് പറയുന്നവരൊക്കെ  കൊടും ഭീകരരാണെന്നു  നാട് നീളെ പ്രചരിപ്പിക്കാന്‍ മൂര്‍ച്ചയുള്ള യുവ നേതാക്കlളുമുണ്ട് കൂടെ .സത്യം പറയുന്നവരെയൊക്കെ തെരുവില്‍ ബോംബ്‌ വെക്കുന്ന ആള്‍ക്കാരായി മുദ്ര കുത്താന്‍ ഈ നാട്ടില്‍ വലിയ തെളിവൊന്നും വേണ്ടല്ലോ.തലക്കകത്ത് വെളിവ് മാത്രം ഇല്ലാതിരുന്നാല്‍ മതി. ആ പണി സമര്‍ത്ഥമായി നമ്മള്‍ ചെയ്യും.

സമുദായത്തിലെ ബാക്കി എല്ലാ വകകളും വീര്യം കൂടിയതാണെന്ന് അങ്ങിനെ  നമ്മള്‍ പുരപ്പുറത്ത് കയറി കൂവും. നിര്‍വീര്യമായത് പച്ച .ബാക്കിയെല്ലാം ശൌര്യം കൂടിയ ഉരുപ്പടികള്‍.നമ്മള്‍ മതനിരപേക്ഷതയുടെ അവസാന വാക്ക്.ബാക്കിയെല്ലാം തീവ്രന്മാര്‍.പച്ചപ്പനംകിളി  സമാധാനത്തിന്റെ താരാട്ട് പാടിയില്ലായിരുന്നെങ്കില്‍ ഈ ഭീകരന്മാര്‍  നാട് പണ്ടേ കത്തിച്ചേനെ എന്ന സ്ഥിരം തിസീസ് നാട് നീളെ പാടും. ഇ മെയില്‍ പാസ്‌വേര്‍ഡുകള്‍  വരെ പരസ്യപ്പെടുത്താമെന്ന് വീമ്പിളക്കും. ആരെങ്കിലും കാര്യം പറയുമ്പോള്‍ കൊഞ്ഞനം കുത്താനും ഭരണം നിലനിര്‍ത്താനും ഈ നമ്പരുകളൊക്കെ  ധാരാളം.   അത് കേട്ട് പച്ച പുതച്ചത് ആട്ടിന്‍ കുട്ടി എന്നും സമുദായത്തിലെ മറ്റുള്ള വകകളെല്ലാം  ചെന്നായ്ക്കള്‍ എന്നും പൊതു സമൂഹം  വിശ്വസിച്ചു വശാവും.

അങ്ങിനെ എതിരാളികളെല്ലാം  വരിവരിയായി ജയിലിലേക്ക്. ഹായ്. നിയമം നിയമത്തിന്റെ വഴിക്ക്. കൊടി വെച്ച കാറുകള്‍ അതിന്റെ വഴിക്കും. 

1 അഭിപ്രായം:

  1. സത്യത്തിൽ ഇ-മെയിൽ പ്രശ്നത്തിൽ സമുദായ പാർട്ടിയുടെ പ്രശ്നം എന്താണെന്ന് മനസ്സിലാകുന്നില്ല. അവർ ഇത്രമാത്രം ബേജാറാവാനുള്ള കാര്യമെന്തായിരിക്കും....

    മുസ്ലീം ലീഗുകാർ കൂടി ഉൾപെട്ട ആളുകളുടെ ഇമെയിലുകളാണ് രഹസ്യമായി പരിശോധിക്കപ്പെട്ടത്. മുസ്ലീ ലീഗിനെതിരെ ഒന്നും ആ ലേഖനത്തിലില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

    മുഖ്യ മന്ത്രി കൈകാര്യം ചെയ്യുന്ന ഒരു വകുപ്പാണ് ആരോപണ വിധേയമായിരിക്കുന്നത്. മുഖ്യമന്ത്രിക്ക് പോലുമില്ല അങ്കലാപ്പാണ് സമുദായ പാർട്ടി നേതാക്കന്മാർക്ക് എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് അവരുടെ പ്രസ്താവനകളും, മാധ്യമത്തിനു നേരെയുള്ള കുതിരകയറ്റവു സൂചിപ്പിക്കുന്നത്.

    സമുദായത്തെ വർഗ്ഗീയ വത്ക്കരിക്കാനും തീവ്രവാദികളാക്കാനും മാധ്യമം ശ്രമിക്കുന്നു എന്ന പരാതിയുമായാണ് മിക്ക ലീഗ് നേതാക്കളും രംഗത്തിറങ്ങിയിരിക്കുന്നത്.

    ഒരു സത്യം വിളിച്ചു പറയുന്നത് എങ്ങനെയാണ് വർഗ്ഗീയതയും തീവ്രവാദവുമായി മാറുക എന്നത് ലീഗ് നേതാക്കൾ തന്നെ വ്യക്തമാക്കേണ്ടതാണ്. അങ്ങിനെയെങ്കിൽ ഗുജറാത്ത് കലാപത്തെ കുറിച്ച് പറയുന്നതും ബാബരിമസ്ജിദ് തകർച്ചയെ കുറിച്ച് പറയുന്നതും എല്ലാം വർഗീയാമാകേണ്ടതല്ലേ?

    ഇങ്ങനെ നിരവധി നിരവധി ചോദ്യങ്ങളുണർത്തുന്നതാണ് ഈ ലീഗ് നാടകം എന്ന് പറയാതിരിക്കാൻ വയ്യ...

    നന്നായി അവതരിപ്പിച്ചിരിക്കുന്നു,

    മറുപടിഇല്ലാതാക്കൂ