2012, ജനുവരി 20, വെള്ളിയാഴ്‌ച

മാധ്യമത്തെ ശിക്ഷിക്കുക

 മാധ്യമത്തെ വെറുതെ വിടരുത്. മാതൃകാപരമായി ശിക്ഷിക്കണം. പറ്റുമെങ്കില്‍ നിരോധിക്കണം. വലിയ  കുറ്റകൃത്യം തന്നെയാണ് ജമാഅത്തെ ഇസ്ലാമിക്കാരന്റെ  പത്രം ചെയ്തിട്ടുള്ളത്. പത്ത് പേരുകള്‍ ഒഴിവാക്കി ലിസ്റ്റ് പ്രസിദ്ധീകരിച്ചു.അത് വഴി വലിയ ദുരന്തം തന്നെ ഇവിടെ ഉണ്ടാകുമായിരുന്നു.ബഹുദൂരം അതിവേഗം ഈ വിഷയത്തില്‍ ഇടപെടല്‍ നടന്നില്ലായിരുന്നെങ്കില്‍  മത സൌഹാര്‍ദം ബുള്‍ഡോസര്‍ കയറിയ പപ്പടം പോലെയായേനെ. പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. കുറെ പച്ച മനുഷ്യരുടെ നെഞ്ചത്ത്  സിമി ബന്ധം എന്നെഴുതിപ്പിടിപ്പിച്ചതു പോലെ നിസ്സാരമായ ഒരു കൈത്തെറ്റല്ല ഇവിടെ മാധ്യമത്തിന്റെത്. അത്തരം തെറ്റുകള്‍ ഏത്  പോലീസുകാരനും പറ്റും. സമം എന്നെഴുതുമ്പോള്‍ സിമി എന്നാകും. ചിലപ്പോള്‍ സാമി എന്നെഴുതുമ്പോഴും സിമി ആയി മാറും. അത് പോലെയാണോ ഈ കുത്സിത പ്രവൃത്തി? അങ്ങേയറ്റം ഹീനമായിപ്പോയിരിക്കുന്നു ഇത്. 

യൂത്ത് ലീഗിന്റെ ചുണക്കുട്ടി പറഞ്ഞ പോലെ കുറ്റമൊന്നും ചെയ്തില്ലെങ്കില്‍ ഇവരൊക്കെ എന്തിനാ പേടിക്കുന്നത്?  അദ്ദേഹം സ്വന്തം ഇ മെയില്‍ പാസ് വേര്‍ഡ് പരസ്യപ്പെടുത്താന്‍ വരെ തയ്യാറാണെന്ന് പറഞ്ഞു. അല്ലെങ്കിലും മടിയില്‍  കനമില്ലാത്തവന് ഭയമെന്തിന്? അപ്പോള്‍ എന്തൊക്കെയോ ഇവര്‍ ഒളിക്കുന്നുണ്ട്. എന്തിനു പത്തു പേരുകള്‍  മറച്ചു വെച്ചു?അതാണ്‌ അങ്ങേയറ്റം ഹീനമായിപ്പോയത്. ഐ. ടി . മന്ത്രി പറഞ്ഞത് പോലെ 'കഴമ്പി'ല്ലാത്ത ഈ പ്രശ്നത്തെ എന്തിനു മാധ്യമം സമൂഹത്തിള്‍ ചര്‍ച്ചയാക്കി?  ഇത് പോലൊരു വിഷയം  റിപ്പോര്‍ട്ട്‌ ചെയ്യുമ്പോള്‍ പുലര്‍ത്തേണ്ട സാമാന്യ മര്യാദ അവര്‍ പാലിച്ചില്ല. മുസ്ലിങ്ങളുടെ എന്നതിന് പകരം  മാനവരുടെ ഇമെയില്‍ ചോര്‍ത്തി എന്നെങ്കിലും കൊടുക്കാമായിരുന്നില്ലേ?ഇരുന്നൂറ്റി അന്‍പത്തി ആറും പത്തും തമ്മിലെന്താണ് വലിയ വ്യത്യാസമുണ്ടോ ?നിസ്സാരമായ അനുപാതത്തിലെ ഈ വ്യത്യാസം മാധ്യമം എന്ത് കൊണ്ട് സാരമാക്കിയില്ല?

എന്ത് കൊണ്ട് നാല് ശതമാനത്തിന്റെ കാര്യം മറച്ചു വെച്ച് 96 ശതമാനത്തിന്റെ കാര്യം വെണ്ടക്കയായി കൊടുത്തു? ഈ റിപ്പോര്‍ട്ട്‌ കണ്ട് നാട്ടില്‍ ആളുകള്‍ ഇളകി വശായി സൌഹാര്‍ദം തകര്‍ന്നിരുന്നെങ്കില്‍ ആര് പറയുമായിരുന്നു സമാധാനം?മത സൌഹാര്‍ദ്ദത്തിന്റെ കാര്യത്തില്‍  വിട്ട് വീഴ്ചയില്ല.ദളിതുകളെ ആരെങ്കിലും ടാര്‍ഗെറ്റ് ചെയ്‌താല്‍ ദളിതുകളെ നിരീക്ഷിക്കുന്നെ എന്ന് നിലവിളിക്കളല്ല പത്ര ധര്‍മം. 96 ശതമാനം മുസ്ലിങ്ങളെ ഒളിഞ്ഞു നോക്കിയാലും അവരുടെ മേല്‍  സിമിയുടെ ചാപ്പ കുത്തിയാലും അത് മാനവ പക്ഷത് നിന്നേ നോക്കാന്‍ പാടുള്ളൂ. റിപ്പോര്‍ട്ട്‌ ചെയ്യാന്‍ പാടുള്ളൂ. മുസ്ലിം എന്ന് പ്രയോഗിക്കുന്നത് തന്നെ വര്‍ഗീയതയാകും എന്ന് ആര്‍ക്കാണറിയാത്തത് ?
ഒരു കൂട്ടം മനുഷ്യരുടെ മേല്‍ നിരീക്ഷണം എന്നൊക്കെയാവണം തലക്കെട്ട്‌. പത്ര പ്രവര്‍ത്തനം അങ്ങിനെയാണ്.

പിന്നെ ഭരണകൂടം ചിലപ്പോള്‍ ചിലതൊക്കെ ചെയ്യും. അതൊന്നും വിളിച്ചു പറയരുത്. അത് അരക്ഷിത ബോധം വളര്‍ത്തും. സൌഹാര്‍ദം തകര്‍ക്കും. അതാണ്‌ മാധ്യമം തിരുത്തണം എന്ന് പറഞ്ഞത്. തിരുത്തിയില്ലെങ്കില്‍ നടപടി തന്നെ. കടുത്ത നടപടി.പിന്നെ മറ്റേ ആ പോലീസുകാരന്‍...കൈത്തെറ്റ്...സിമി.. ഇ മെയില്‍ ചോര്‍ത്തല്‍ .. പൌരാവകാശം. അതൊക്കെ മറന്നേക്കൂന്നേ.. ഇല്ലെങ്കില്‍ മത സൌഹാര്‍ദം തകരും.. പറഞ്ഞേക്കാം... 

13 അഭിപ്രായങ്ങൾ:

 1. കേരളത്തില്‍ മുഴുവന്‍ ഓടി നടന്നു തെരുവുകള്‍ മലീമസമാക്കി തീവ്ര വാദത്തിന്റെ മാസ്റെര്‍ ബ്രെയിന്‍ മൌദൂദിയും ജമാ അത്തെ ഇസ്ലാമിയും ആണെന്ന് പ്രസങ്ങിച്ച്ചു നടന്നവര്‍.കേരളത്തില്‍ മുസ്ലീംകള്‍ക്ക് നേരെ നടക്കുന്ന ആസൂത്രിത ശ്രമങ്ങള്‍ക്ക് നേരെ കണ്ണടക്കുന്നത് എന്ത് കൊണ്ടായിരിക്കും?.ഇല്ലാത്ത തീവ്രവാദം ആരോപിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുകയും ഉള്ള തീവ്ര വാദവും ഭരണകൂട ഭീകരതകളെ കുറിച്ചു മൌനം പാലിക്കുകയും ചെയ്യാന്‍ മുജാഹിടുകളെ പഠിപ്പിച്ചത് ഏതു ഇസ്ലാം ആയിരിക്കും? ഇങ്ങനെയൊക്കെ കാണിക്കുമ്പോള്‍ മനസ്സാക്ഷികുത്ത് അനുഭവിക്കുന്ന ഒരുത്തനും അതില്‍ ഇല്ലാതെ പോയോ?

  മറുപടിഇല്ലാതാക്കൂ
 2. എന്താ പറയ...ആദ്യ പോസ്റ്റ് തന്നെ ഉസ്സാറായി...
  പണ്ട് ഒരു കഥ നടന്നിരുന്നു.കഥ നടന്നത് വാമന പുരിയിലാണെന്ന് തോന്നുന്നു. കൊട്ടാരത്തിലെല്ലാവരും വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ ജീവിക്കുന്നു. അങ്ങനെയിരിക്കെയാണ് ചില കൊട്ടാര വിദ്വാൻമാർ ആളില്ലാത്ത തക്കം നോക്കി കൊട്ടാരത്തിലെ മന്ത്രിയുടെതടക്കമുള്ള എല്ലാവരുടെയും രഹസ്യങ്ങൾ ചോർത്തുകയും അയൽ രാജ്യങ്ങളിൽ നിന്നയക്കുന്ന പൊതികൾ വരെ കട്ടെടുക്കുകയും ചെയ്തത്. ഒടുവിൽ മറ്റൊരു വിദ്വാൻ ഇത് കണ്ടു പിടിച്ചു. എല്ലാവരെയും വിളിച്ചറിയിച്ചു. രാജാവിനെയും. ആളുകളെല്ലാം അങ്കലാപ്പിലായി.പരസ്പരം സംശയിച്ചു. ഉടനെ വിവരം പുറത്ത് വിട്ട വിദ്വാനെ വിളിച്ചു വരുത്തി, വിധിയും പ്രസ്ഥാവിച്ചു. കൊട്ടാരത്തിലെ സൗഹാർദ്ദാന്തരീക്ഷം തകർക്കാൻ ശ്രമം നടത്തിയ ടിയാന് 101 ചാട്ടവാറടിയും ഒരു കൊല്ലം തടവും ലഭിക്കാൻ ഇതാ ഉത്തരവിടുന്നു...ഡും..ഡും...ഡും. ശുഭം.

  മറുപടിഇല്ലാതാക്കൂ
 3. സെറ്റിങ്സിൽ നിന്നും വേഡ് വെരിഫിക്കേഷൻ ഒഴിവാക്കുക

  മറുപടിഇല്ലാതാക്കൂ
 4. ആദ്യ പോസ്റ്റു വളരെ നന്നായി...


  അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ.. ഇസ്‌ലാം, മുസ്‌ലിം,സമൂഹത്തില്‍ ,പക്ഷത്ത്‌ ,
  ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 5. ലോഗിന്‍ ഡീറ്റെയില്‍സ് എന്നതുകൊണ്ട് ഉദ്ധേശിക്കുന്നത് ചോര്‍ത്തല്‍ അല്ല എന്ന് തോന്നുന്നു. ആ അക്കൌണ്ട് എവിടെ നിന്നൊക്കെ ആക്സസ് ചെയ്തിട്ടുണ്ട് എന്ന് തിരക്കലാണെന്നാണ്‌ ഈയുള്ളവന്റെ പരിമിതമായ വിവരം. മറിച്ചാണെങ്കില്‍ ഓക്കേ. ബന്ധപ്പെട്ട ഇ-മെയില്‍ പ്രൊവൈഡര്‍മാരില്‍ നിന്ന് ഇതു സംബന്ധിച്ച വിവരം ശേഖരിക്കാന്‍ മാധ്യമത്തിനു ശ്രമിച്ചൂടേ? എന്നിട്ട് തെളിവ് സഹിതം ആരോപണമുന്നയിച്ച് സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൂടേ? എന്തായാലും മാധ്യമത്തിന്റെ സര്‍ക്കുലേഷന്‍ കൂടിയിട്ടുണ്ട്.

  മറുപടിഇല്ലാതാക്കൂ
 6. ഈ വിഷയത്തിൽ യാതൊരു ഹിഡൻ അജണ്ടയും മാധ്യമത്തിനോ അതുൾക്കൊള്ളുന്ന ജ: ഇ: ക്കോ ഉണ്ടായിരുന്നില്ല എന്ന് വിശ്വസിക്കാൻ അല്പം പ്രയാസമുണ്ട്... കാര്യം എന്തായിരുന്നാലും.... ഇതിലൂടെ ഭരണകൂടം ആരെയാണോ ടാർഗറ്റ് ചെയ്തിരുന്നതെന്നും അതിന്റെ ഇരകൾ ആരായിരുന്നുവെന്നതും അതിന്റെയൊക്കെ പിന്നാമ്പുറം എന്താണെന്നും വെളിച്ചത്തു വരേണ്ടതും ആവശ്യം തന്നെ....

  ആശംസകൾ....

  മറുപടിഇല്ലാതാക്കൂ
 7. ഒരു തെണ്ടിത്തരം ഗവേര്‍ന്മെന്റിന്റെ ഒത്താശയില്‍ നടന്നു എന്നത് വളഞ്ഞിട്ടാനെങ്കിലും അവര്‍ സമ്മതിച്ചു. മുഖ്യമന്ത്രിയുടെ മുറി 24 മണിക്കൂറും ഓണ്‍ ലൈന്‍ ആണെങ്കിലും അതില്‍ ഒരു ക്യാമറ ഹോട്ടലില്‍ ഒളിപ്പിച്ചു വച്ചത് പോലെയായി.

  ഒന്ന് അലറിയിരുന്നെന്കില്‍ , ഒന്ന് മുണ്ടിയിരുന്നെങ്കില്‍, മ്മടെ ഷാജി തന്നെ കൊണ്ട് വരുമായിരുന്നല്ലോ മുസ്ലിം ലീഗിലുള്ളവരുടെ പാസ് വേഡുകള്‍..

  മറുപടിഇല്ലാതാക്കൂ
 8. ലീഗിലെ ചില നേതാക്കള്‍ സൂപ്പര്‍ മാന്‍ ചമയുകയാണ്.. സത്യം വിളിച്ചു പറഞ്ഞ മാധ്യമം വര്‍ഗീയത വളര്‍ത്തുന്നു പോലും .. അപ്പോള്‍ മനോരമ ലവ് ജിഹാദ് എന്ന കള്ള കഥയിലൂടെ ഈ സമുധായത്തെ മുള്‍മുനയില്‍ നിര്‍ത്തിയപോള്‍ എവിടെയായിരുന്നു ഈ മതേതര-സമാധാന സ്നേഹികള്‍... താഴാം ഇത്രയും തരം താഴരുത്.

  മറുപടിഇല്ലാതാക്കൂ
 9. സത്യം പറഞ്ഞാൽ സാമുദായിക സൌഹാർദ്ദം തകരുന്ന കാര്യത്തിൽ നമ്മുടെ മന്ത്രിമാർക്ക് ഇത്ര വേവലാതി ഉണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്. നല്ലത് കീപ്പ് ഇറ്റ് അപ്.

  വിജു വി നായർ 10 ആളുകളെക്കുറിച്ച് ഒന്നും പറഞ്ഞില്ലെങ്കിലും മാധ്യമം ഒന്നാമത്തെ ദിവസം തന്നെ 268 പേരിൽ 258 പേർ മുസ്ലിംകളാണ് എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ബാക്കിയുള്ളവരുടെ ലിസ്റ്റ് പിന്നീട് മാധ്യമം പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിനപ്പുറം തെറ്റ് തിരുത്തുക എന്ന് പറയുന്നത് എങ്ങനെയെന്ന് മനസ്സിലാകുന്നില്ല.

  മറുപടിഇല്ലാതാക്കൂ